നാല് വർഷ ബിരുദ പ്രോഗ്രാം അതിവേഗം കൊണ്ടുവന്നപ്പോൾ സ്ഥാപനപരമായ അടിസ്ഥാന സൗകര്യങ്ങൾ അതേ വേഗത്തിൽ ഒരുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പാഠ്യപദ്ധതി മാറ്റിയെങ്കിലും അതിനനുസരിച്ച് സ്ഥാപനങ്ങളുടെ ഘടന മാറിയിട്ടില്ല എന്നതാണ് അടിസ്ഥാനപ്രശ്നം.
അധ്യാപക വർക്ക്ലോഡ്
എഫ്വൈവിജിപിയിൽ ഒരു വിദ്യാർഥി മേജർ, മൈനർ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ, വാല്യൂ ആഡഡ് കോഴ്സുകൾ, ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവയ്ക്കായി ഒരു കോളജിലെതന്നെ പല ഡിപ്പാർട്മെന്റുകളിൽക്കൂടി കടന്നാണ് ബിരുദം പൂർത്തിയാക്കുന്നത്. ഇത് അധ്യാപക വർക്ക്ലോഡ് അസന്തുലിതമാക്കുന്നു. അനുവദിക്കപ്പെട്ട തസ്തികകൾ കൊണ്ട് പഠിപ്പിക്കേണ്ട വിദ്യാർഥികളെക്കൂടാതെ കൂടാതെ ഒരു വകുപ്പിന് പല വിഭാഗം വിദ്യാർഥികളെ കൈകാര്യം ചെയ്യേണ്ടിവരുന്നു.
നിലവിലെ ‘അധ്യാപന മണിക്കൂർ = വർക്ക്ലോഡ്’ എന്ന പഴയ മാതൃക ഇനി മതിയാവില്ല. മെന്ററിംഗ്, പ്രോജക്ട് സൂപ്പർവിഷൻ, ഗവേഷണ മാർഗനിർദേശം, ഇന്റർ ഡിസിപ്ലിനറി അധ്യാപനം എന്നിവയെല്ലാം കണക്കിലെടുക്കുന്ന പുതിയൊരു വർക്ക്ലോഡ് ഫോർമുല അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കിൽ നാലാം വർഷത്തിലേക്ക് കടക്കുന്ന കോഴ്സ് പ്രതിസന്ധിയിലാകും. ഇതോടൊപ്പം എംഡിസി, എസ്ഇസി, വിഎസി കോഴ്സുകൾക്ക് ഡിസിപ്ലിൻ സ്പെസിഫിക് കോഴ്സുകൾക്ക് തുല്യമായ അക്കാദമിക്, വർക്ക്ലോഡ് അംഗീകാരം പൊതുവിൽ എല്ലാ ഡിപ്പാർട്ടുമെന്റുകൾക്കും നൽകേണ്ടതുണ്ട്.
ഇന്റർഡിസിപ്ലിനറി വകുപ്പുകളില്ല
ഭൗതികശാസ്ത്ര വകുപ്പ്, ഭൗതികശാസ്ത്ര അധ്യാപകർ, ഭൗതികശാസ്ത്ര ലാബ്, ഭൗതികശാസ്ത്ര വിദ്യാർഥികൾ എന്ന പരമ്പരാഗത ഘടനയാണ് പല കോളജുകളിലും ഇപ്പോഴും നിലനിൽക്കുന്നത്. ഈ ഘടനയ്ക്ക് ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ജന്തുശാസ്ത്രം, മനഃശാസ്ത്രം, ഡാറ്റാ സയൻസ് എന്നിവ ഒരുമിച്ച് തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെ സ്വാഭാവികമായി ഉൾക്കൊള്ളാനോ പഠിപ്പിക്കാനോ കഴിയില്ല. പാഠ്യപദ്ധതി ബഹുവിഷയമായി മാറിയെങ്കിലും സ്ഥാപനങ്ങൾ ബഹുവിഷയമായി മാറിയിട്ടില്ല.
അക്കാദമിക് ഉപദേശക സംവിധാനത്തിന്റെ അഭാവം
അക്കാദമികമായ വിവിധ കാര്യങ്ങൾ സ്വയം മനസിലാക്കി തീരുമാനമെടുക്കുന്നത് 17-18 വയസുകാർക്ക് പ്രായോഗികമല്ല. പല സ്ഥാപനങ്ങളിലും പ്രഫഷണൽ അക്കാദമിക് അഡ്വൈസിംഗ് സംവിധാനമില്ല. അധ്യാപകർക്ക് ഇതിനുള്ള മതിയായ പരിശീലനം ലഭിച്ചിട്ടില്ല. വേണ്ടത്ര മാർഗനിർദേശം ഇല്ലാതെയുള്ള സ്വാതന്ത്ര്യം അസമത്വം കുറയ്ക്കുന്നതിനു പകരം കൂട്ടാൻ സാധ്യതയുണ്ട്. മുഴുവൻ സമയ അക്കാദമിക അഡ്വൈസർമാരെ നിയോഗിക്കേണ്ടത് അടിയന്തര ആവശ്യമാണ്.
മൂല്യനിർണയ രീതി
കഴിവുകൾ, പഠനഫലങ്ങൾ, വിമർശനാത്മക ചിന്ത, ഗവേഷണം, ഇന്റർ ഡിസിപ്ലിനറി പഠനം എന്നിവയാണ് പുതിയ സംവിധാനം മുന്നോട്ടുവയ്ക്കുന്നതെങ്കിലും മൂല്യനിർണയം ഇപ്പോഴും മനഃപാഠമാക്കൽ, എഴുത്തുപരീക്ഷ, മാർക്ക് എന്ന പഴയ രീതിയിൽതന്നെയാണ്. പഠനഫലവുമായി ബന്ധപ്പെട്ട അധ്യാപന-പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും തമ്മിൽ യോജിപ്പിക്കാതെ, ‘പുതിയ പാഠ്യപദ്ധതി ഘടനയ്ക്കുള്ളിൽ പഴയ പരീക്ഷാ സംസ്കാരം’ എന്ന വൈരുധ്യമാണ് ഇന്ന് നിലനിൽക്കുന്നത്. പ്രോജക്ടുകൾ, പോർട്ട്ഫോളിയോകൾ, പ്രാക്ടിക്കലുകൾ, അവതരണങ്ങൾ, പ്രശ്നപരിഹാര ശേഷി എന്നിവ അടിസ്ഥാനമാക്കിയ മൂല്യനിർണയത്തിലേക്ക് ക്രമേണ മാറേണ്ടതുണ്ട്.
ക്രെഡിറ്റ് സംവിധാനം സങ്കീർണമായി
ക്രെഡിറ്റ് സംവിധാനത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യവും കൈമാറ്റക്ഷമതയുമാണ്. എന്നാൽ നിരവധി സങ്കീർണമായ പദാവലി വിദ്യാർഥികളും അധ്യാപകരും മനസിലാക്കേണ്ടിവരുന്നു. ഇത് ഭരണപരമായി മാത്രം സ്വാതന്ത്ര്യമുള്ളതും വിദ്യാർഥികൾക്ക് ബോധനപരമായി ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സംവിധാനമായിട്ടുണ്ട്. ഇതിനുപുറമെ, SWAYAM, NPTEL തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നേടിയ ക്രെഡിറ്റുകൾ ABC വഴി സമയബന്ധിതമായി അംഗീകരിക്കപ്പെടാത്തത് വിദ്യാർഥികളുടെ ബിരുദ പൂർത്തീകരണത്തെ ബാധിക്കുന്നു. ഇതിന് വ്യക്തമായ ഒരു ഏകീകൃത പ്രോട്ടോകോൾ അടിയന്തരമായി വേണം.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത
വിവിധ കോംബിനേഷനുകൾ സമയക്രമത്തിന്റെ സങ്കീർണത വളരെയധികം വർധിപ്പിക്കുന്നു. ക്ലാസ് മുറികളുടെ കുറവ്, ഓവർലാപ്പിംഗ് ക്ലാസുകൾ എന്നിവ പല കാമ്പസുകളിലും ഇപ്പോൾതന്നെയുണ്ട്. ലാബുകൾ, കംപ്യൂട്ടർ സൗകര്യങ്ങൾ, ലൈബ്രറികൾ, ഗവേഷണ സൗകര്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയും അതേ അനുപാതത്തിൽ വർധിപ്പിക്കേണ്ടതുണ്ട്.
സർവകലാശാലാ ഭരണനിർവഹണത്തിന്റെ സമ്മർദം
സർവകലാശാലകളിൽ എഫ്വൈയുജിപി സംബന്ധിച്ച കാര്യങ്ങൾക്കായി പ്രത്യേക വിഭാഗം ആവശ്യമാണ്. ചില സർവകലാശാലകളിൽൽ ചോദ്യപേപ്പർ വിതരണത്തിലും ഉത്തരക്കടലാസ് ലഭ്യതയിലും ഉണ്ടായ തടസങ്ങൾ ഇതിന്റെ ലക്ഷണങ്ങളാണ്.
ഓണേഴ്സ് വിത്ത് റിസർച്ച് പാതകളിലെ അവ്യക്തത
എട്ടാം സെമസ്റ്ററിൽ ഓണേഴ്സ് വിത്ത് റിസർച്ച് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് 12 ക്രെഡിറ്റ് ഗവേഷണ പ്രോജക്ട് നിർബന്ധമാണെങ്കിലും ഗവേഷണം ഇല്ലാതെ ഓണേഴ്സ് തെരഞ്ഞെടുക്കുന്നവർ ആ ക്രെഡിറ്റുകൾ എങ്ങനെ പൂർത്തിയാക്കണം എന്നതിൽ വ്യക്തതയില്ല.
വിഷയ കോംബിനേഷനുകൾക്ക് അംഗീകാരം
മുൻകാല സിലബസിൽ ഇല്ലാതിരുന്ന വിഷയ കോമ്പിനേഷനുകൾ പുതിയ റെഗുലേഷൻ പ്രകാരം വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ കഴിയും. എന്നാൽ ഇത്തരം കോംബിനേഷനുകളിലൂടെ നേടുന്ന ബിരുദങ്ങൾക്ക് പരമ്പരാഗത കോംബിനേഷനുകൾക്ക് തുല്യമായ അക്കാദമിക് സാധുതയും അംഗീകാരവുമുണ്ടെന്ന് സർക്കാർ/സർവകലാശാല വ്യക്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്.
എഫ്വൈയുജിപിയുടെ അടിസ്ഥാന ആശയങ്ങളായ സ്വാതന്ത്ര്യം, ബഹുവിഷയ പഠനം, ഗവേഷണ പരിചയം, ഇന്റേൺഷിപ്പ്, നൈപുണ്യം, വിദ്യാർഥി തെരഞ്ഞെടുപ്പ്, മൊബിലിറ്റി എന്നിവയെല്ലാം ആധുനികവും പ്രസക്തവുമാണ്. പ്രശ്നം പരിഷ്കാരത്തിലല്ല, മറിച്ച് സ്ഥാപനപരമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി മാറ്റാതെ പാഠ്യപദ്ധതി മാത്രം മാറ്റിയതിലാണ്.
(ചങ്ങനാശേരി എസ്ബി ഓട്ടോണമസ്
കോളജിലെ എഫ്വൈയുജിപി അക്കാദമിക് കോ-ഓർഡിനേറ്ററാണ്
ലേഖകൻ.